കായംകുളം: താലൂക്ക് ആശുപത്രിയിലെ സർജറി പ്രതിസന്ധിക്കു പരിഹാരം കാണാൻ ഒരു സർജനെ കൂടി താത്കാലികമായി നിയമിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സർജനെയാണ് പ്രവർത്തന ക്രമീകരണത്തിന്റെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചത്. ആരോഗ്യമന്ത്രി കെ. മുരളീധരനോട് മന്ത്രി എം. ലിജു ഉന്നയിച്ച ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താലൂക്ക് ആശുപത്രിയിലെ സർജറി വിഭാഗത്തിൽനിരവധി സർജറികൾ ചെയ്യാനുള്ളതിനാലാണ് ഒരു സർജനെ കൂടി താത്കാലികമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്. ഡോ.ജി. കൃഷ്ണകുമാറിനെ ആഴ്ചയിൽ രണ്ടു ദിവസമാണ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചത്.
മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് മഞ്ചേരി ജനറൽ ആശുപത്രിയിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം ജൂണിയർ കൺസൾട്ടന്റായ ഡോ. ലക്ഷ്മി കൃഷ്ണനെ ജോലിക്രമീകരണ വ്യവസ്ഥയിൽ കായംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി നിയമിച്ചിരിക്കുന്നു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന മന്ത്രിയുടെ ആവശ്യവും ആരോവ്യവകുപ്പിന്റെ പരിഗണനയിലാണ്. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ, കൺസൾട്ടന്റ് ഇഎൻടി എന്നീ തസ്തികകളിലെ അഞ്ചു ഒഴിവുകൾ നികത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.